പെരിന്തൽമണ്ണ: രാഷ്ട്രീയ-സാമ്പത്തിക അച്ചുതണ്ടിൽ നിന്ന് മാധ്യമങ്ങളെ മോചിപ്പിക്കാൻ കഴിയണമെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതിക് സിൻഹ. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
ജനങ്ങളിൽ നിന്ന് നേരിട്ട് പണം കണ്ടെത്തുന്ന 'ക്രൗഡ് ഫണ്ടിംഗ്' രീതിയും ഓരോ ജനവിഭാഗങ്ങളുടെയും പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള
സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരസാങ്കേതികവിദ്യയുടെ വളർച്ചയോടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതാണ് പുതിയകാലം. വിവരങ്ങളുടെ അതിപ്രസരം കാരണം 'സത്യം' കണ്ടെത്തൽ ഇന്നത്തെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
യഥാർഥ വസ്തുതകൾ തിരിച്ചറിയാൻ 'ഫാക്റ്റ്-ചെക്കിംഗ്' ഇന്ന് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ നിലവിൽ നേരിടുന്ന ഏറ്റവും വലിയ ഘടനാപരമായ പ്രതിസന്ധി അവയുടെ സാമ്പത്തിക സ്രോതസ്സാണെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരം നിലനിർത്താൻ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന 'ഭീതി ഉത്പാദിപ്പിക്കൽ' രാഷ്ട്രീയം വെല്ലുവിളിയാണ്. തെറ്റായ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടയിലും ഭരണകൂടങ്ങളെയും കോർപ്പറേറ്റുകളെയും ചോദ്യം ചെയ്ത് സ്വതന്ത്രമായി മുന്നോട്ടുപോകുന്ന മാധ്യമപ്രവർത്തകർ കള്ളക്കേസുകൾ, സൈബർ ആക്രമണങ്ങൾ, വ്യക്തിഹത്യ തുടങ്ങിയ കടുത്ത പ്രതിസന്ധികളാണ് നേരിടുന്നതെന്നും പ്രതിക് സിൻഹ ഊന്നിപ്പറഞ്ഞു.
പെരിന്തൽമണ്ണയിൽ വ്യാഴാഴ്ച ആരംഭിച്ച സാഹിത്യോത്സവ് ഞായറാഴ്ച വൈകീട്ട് സമാപിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ച ശനി ഞായർ ദിവസങ്ങളിലെ കഥാബുക്ക് സാംസ്കാരിക വേദിയിൽ ഇന്നലെ വ്യത്യസ്ത പഠനസെഷനുകൾ നടന്നു. ചർച്ചകളിൽ ഇന്നലെ ഷിഹാബുദീൻ പൊയ്ത്തുംകടവ്, രാം മോഹൻ പാലിയത്ത്, ഡോ. അബൂബക്കർ,
എൻ എസ് അബ്ദുൽ ഹമീദ്, ഫൈസൽ എളേറ്റിൽ, റഷീദ് മോങ്ങം, അഫ്സൽ പാലത്തറഗേറ്റ്, മുഹമ്മദ് എ താഹിർ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ, സിപി സൈതലവി മാസ്റ്റർ ചെങ്ങര, മുസ്തഫ മാസ്റ്റർ കോഡൂർ, മുഹമ്മദ് മാസ്റ്റർ പറവൂർ, സയ്യിദ് ശിഹാബുദ്ദീൻ ഹൈദ്രോസ്, കുഞ്ഞീതു മുസ്‌ലിയാർ, ഷാഫി സഖാഫി, മുഷ്താഖ് സഖാഫി, ടിഎം ശുഹൈബ് സംബന്ധിക്കും.
