എളങ്കൂർ പേലേപ്പുറം റോഡിന്റെ ദുരവസ്ഥ: കല്ലിമ്മൽ ചിറയിൽ മജീദിന്റെ 12 മണിക്കൂർ ഒറ്റയാൾ പ്രതിഷേധം

എളങ്കൂർ: എളങ്കൂർ വില്ലേജിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിപ്പെടാനുള്ള പ്രധാന പാതയായ തച്ചുണ്ണി–പുലത്ത്–മൈലൂത്ത്–ആലുങ്ങൽ–വാരിയംപറമ്പ്–പേലേപ്പുറം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, റോഡ് PWD ഏറ്റെടുത്ത് ആധുനിക നിലവാരത്തിൽ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് KAN സൊസൈറ്റി ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ മാവുങ്ങൽ അബ്ദുൽ മജീദ് ഒറ്റയാൾ പ്രതിഷേധ


നടത്തി.

ഇന്ന് (ഓഗസ്റ്റ് 11, ചൊവ്വാഴ്ച) രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ എളങ്കൂർ കല്ലിമ്മൽ ചിറയിലാണ് 12 മണിക്കൂർ നീണ്ട സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചത്.

15 വർഷത്തെ പോരാട്ടം; താൽക്കാലിക പരിഹാരമല്ല ലക്ഷ്യം

വിവിധ വകുപ്പ് മേധാവികൾക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയും, മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടികളിൽ നിവേദനം സമർപ്പിച്ചും കഴിഞ്ഞ 15 വർഷത്തിലേറെയായി ഈ വിഷയത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ലെന്ന് മജീദ് ചൂണ്ടിക്കാട്ടി. താൽക്കാലികമായി കുഴിയടയ്ക്കലല്ല, മറിച്ച് അടിയന്തര സേവനങ്ങൾക്കും ജനങ്ങളുടെ സുരക്ഷിതമായ യാത്രയ്ക്കും ഉതകുന്ന രീതിയിലുള്ള സമഗ്രമായ റോഡ് വികസനമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

111 ചോദ്യങ്ങളും കോടതി ഇടപെടലും

റോഡിന്റെ നിലവിലെ സ്ഥിതി, ഫണ്ട്, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ നിന്ന് 111 ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടി ലഭിക്കേണ്ടതുണ്ട്. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ, റോഡ് പുനരുദ്ധാരണത്തിനായി ₹40 കോടി മുതൽ ₹60 കോടി വരെ ചെലവഴിച്ച് PWD ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് പ്രതിഷേധക്കാർ.

ലെറ്റർഹെഡിലെ ഇടപെടൽ വേണം, മൈക്കിലെ പ്രസംഗമല്ല

ജനപ്രതിനിധികളുടെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ചുകൊണ്ടാണ് മജീദിന്റെ വേറിട്ട പ്രതിഷേധം:


"മൈക്കിലൂടെ പ്രസംഗിക്കുകയല്ല, ജനങ്ങളുടെ ആവശ്യങ്ങൾ സ്വന്തം ലെറ്റർഹെഡിൽ ഔദ്യോഗികമായി ഭരണകൂടത്തെ ബോധിപ്പിക്കുകയാണ് വേണ്ടത്. ഈ റോഡിനുവേണ്ടി ജനപ്രതിനിധികൾ ഔദ്യോഗികമായി നടത്തിയ ഇടപെടലുകളുടെ രേഖ പുറത്തുവിടാൻ തയ്യാറാകണം."


മുൻപ് കലക്ടറേറ്റിന് മുന്നിൽ വളർത്തുമൃഗങ്ങളുമായി പ്രതിഷേധിച്ചും, ഗ്രീൻഫീൽഡ് ഹൈവേ അലൈൻമെന്റ് ഉൾപ്പെടെ 28-ഓളം ജനകീയ വിഷയങ്ങളിൽ ഇടപെട്ടും മജീദ് ശ്രദ്ധേയനായിരുന്നു.

ഭരണഘടന നൽകുന്ന അവകാശങ്ങൾ വിനിയോഗിച്ച്, പൊതുജനങ്ങൾക്കും അടിയന്തര സേവന വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാതെയായിരുന്നു പ്രതിഷേധം. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിന് ധാർമ്മിക പിന്തുണ അറിയിച്ചു.

പ്രധാന ആവശ്യങ്ങൾ:

1. റോഡിന്റെ സമഗ്രമായ സാങ്കേതിക പരിശോധന നടത്തി ഔദ്യോഗിക റിപ്പോർട്ടും DPR-ഉം തയ്യാറാക്കുക.

2. തച്ചുണ്ണി–പേലേപ്പുറം റോഡ് PWD ഏറ്റെടുത്ത് വീതികൂട്ടി ആധുനിക നിലവാരത്തിൽ വികസിപ്പിക്കുക.

3. ജില്ലാ പഞ്ചായത്തിൽ ഉന്നയിച്ച 111 ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുക.

4. ഇതുവരെ ജനപ്രതിനിധികൾ നടത്തിയ ഔദ്യോഗിക ഇടപെടലുകളുടെ രേഖകൾ പരസ്യപ്പെടുത്തുക.






Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top